Wednesday 23 May 2012

ഓര്‍മ്മച്ചെപ്പ്-അലക്സ്‌ ജോണ്‍ വടക്കേഅറക്കല്‍

നാകപ്പുഴ അമ്മയുടെ ചൈതന്യവുമായി, നാകപ്പുഴ പള്ളിയുടെ തിരുമുറ്റത്ത്‌ വിദ്യയുടെ കെടാവിളക്കായി നിലകൊള്ളുന്ന വിദ്യാലയം. അനേകം വിദ്യാര്‍ഥികള്‍ക്ക് വിദ്യയും, വിജ്ഞാനവും, വിവേകവും, വിജയവും പകര്‍ന്ന് നിലകൊള്ളുന്ന വിദ്യയുടെ ആലയം, സെന്റ്‌ മേരീസ് ഹൈസ്കൂള്‍ നാകപ്പുഴ. ഓര്‍മകളില്‍  ഒരായിരം വര്‍ണങ്ങള്‍ വിടര്‍ത്തുന്ന എന്റെ വിദ്യാലയം.

അജ്ഞതയുടെ ലോകത്ത് നിന്നും വിജ്ഞാനത്തിന്റെ അനന്തതയിലേക്ക് നമ്മെ നയിച്ച ഈ അറിവിന്റെ കൂടാരം, അനുഭവങ്ങളുടെയും അറിവിന്റെയും ആഴങ്ങള്‍ ദര്‍ശിച്ച ഗുരുക്കന്മാരുടെ കൈകളില്‍ ഇന്നും ഭദ്രം. വിവിധങ്ങളായ സംസ്കാരങ്ങളുടെയും, മതത്തിന്റെയും, ഭാഷയുടെയും വൈവിധ്യങ്ങളാല്‍ സമ്പന്നമായ ആര്‍ഷഭാരത സംസ്കാരം ഇന്നും ഒളിമങ്ങാതെ നിലകൊള്ളുന്നത് നമ്മുടെ വിദ്യാഭ്യാസ സംസ്കാരത്തിന്റെ മേന്മ ഒന്നുകൊണ്ടു മാത്രമാണ്.

അറിവിന്റെ ആഴവും അര്‍ത്ഥവും പകര്‍ന്ന് എന്നിലെ വിദ്യാര്‍ഥിയെ ഉണര്‍ത്തിയ എന്റെ വിദ്യാലയത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പഴയ കവിതാകലം ഓര്‍മ്മയില്‍ തെളിയുന്നു
 "ഒരുവട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
.............................................................."
എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി സൌഹൃദങ്ങള്‍ സമ്മാനിച്ച ആ വിദ്യാലയമാണ് ഇന്ന് എന്റെ ഗൃഹാതുരത്വമുനര്തുന്ന ഓര്‍മകള്‍ക്ക് മാറ്റ് കൂട്ടുക.

ആദ്യാക്ഷരം കുറിച്ചപ്പോള്‍ നാവു തരിച്ചതും, മണലിലെ എഴുത്തില്‍ വിരല്‍ത്തുമ്പിലേറ്റ വേദനയും ഇന്ന് മധുരിക്കുന്ന ഓര്‍മ്മകള്‍. അക്ഷരം തെറ്റിച്ചപ്പോള്‍ ആശാന്‍ കൈവിരല്‍ മണലില്‍ ബലമായി ഉരച്ചപ്പോള്‍ അത് ജീവിതത്തിലെ ഏറ്റവും വലിയ വേദനയായി.എന്നാല്‍ ആശാനില്‍ നിന്നും രണ്ടക്ഷരം പഠിച്ച അഹങ്കാരത്തോടെ ഒന്നാം ക്ലാസിന്റെ പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ അതാ ചുവര് നിറയെ അക്ഷരമാലയും പേരുകളും ..!!ഒരുവേള ഒന്ന് വിതുമ്പിപ്പോയതോര്‍മ വരുന്നു. അക്ഷരാഭ്യാസമില്ലതിരുന്ന വി.ടി. ഭട്ടതിരിപ്പാടിന് മലയാള അക്ഷരങ്ങള്‍ കുനിയനുറുമ്പ്‌ നിരയിട്ടപോലെ തോന്നിയെങ്കില്‍ എന്റെ കാര്യം പറയണോ?.ഒന്നാം ക്ലാസുമുതല്‍ നാലാം ക്ലാസ് വരെ ചുവരില്‍ തൂങ്ങിക്കിടന്നു കാറ്റത്താടുന്ന കണക്കിന്റെ പട്ടിക കണ്ണുകളില്‍ എന്നും ഇരുട്ടും വെള്ളവും നിറച്ചിരുന്നു.
അങ്ങനെ അതാ, ഒരു ടീച്ചര്‍ കയ്യില്‍ നാലുവരയിട്ട ബുക്കുമായി നാലാം ക്ലാസിലേക്ക്. തെല്ലു അത്ഭുതത്തോടെ ആ ടീച്ചറെ നോക്കി നില്‍ക്കെ, അല്പം ആശ്വാസമായി പ്യൂണിന്റെ വരവ്..ആ സമയം കൊണ്ട് അടുത്തിരുന്നവനെ തോണ്ടി വര്‍ത്തമാനം പറഞ്ഞപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല.അതിനിടയില്‍ ടീച്ചറിന്റെ ബ്ദം മുഴങ്ങി; "ഇംഗ്ലീഷ് പകര്‍ത്തു ബുക്ക്‌ എല്ലാരും നാളെ വാങ്ങിക്കൊണ്ടു വരണം." പുതിയ ഒരു വാക്ക് കേട്ടപ്പോള്‍ കുരിശിന്റെ വഴിയിലെ ഒരു വാചകം ഓര്‍മ്മ വന്നു;"ഒരു വേദന തീരും മുന്പ് മറ്റൊന്ന് വന്നു കഴിഞ്ഞു".അന്ന് തുടങ്ങി പുതിയൊരു യുദ്ധത്തിനു തുടക്കം കുറിച്ചു. ഇരുപത്തിയാറു അക്ഷരങ്ങളില്‍ ചിലതെടുത്തു ചേര്‍ത്ത് വച്ച് വായിച്ചപ്പോള്‍ അനുഭവിച്ച ബുദ്ധിമുട്ട് അക്കാലത്തെ വലിയ ഒരു തലവേദനയായിരുന്നു.

അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി, സ്കൂളിനോട് വിടപറയാന്‍ നേരമായി. ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്ന എസ്.എസ് .എല്‍.സി. പരീക്ഷയും എത്തി. ആ ദിവസങ്ങള്‍ സംഭവബഹുലമായിരുന്നു. പരീക്ഷയുടെ തലേന്ന് വലതു കൈ ഒടിഞ്ഞു, എന്നിട്ടും പരീക്ഷ എഴുതി. അവസാനം നൂറു തമാനം വിജയം നേടിയ ഒരു ബാച്ച് എന്നാ അഭിമാനത്തോടെ ഓരോരുത്തരോടായി വിട പറഞ്ഞപ്പോള്‍ പത്തു വര്‍ഷങ്ങള്‍ കൊണ്ട് പണിതുയര്‍ത്തിയ സൌഹൃദങ്ങള്‍ ഒരു നിമിഷം കൊണ്ട് തകര്‍ന്നു വീണത്‌ പോലെ തോന്നി. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഉയര്‍ന്നു വന്ന ഈ പുതിയ ആശയം (പൂര്‍വ വിദ്യാര്‍ഥി സംഗമം ) ഏറ്റവും സന്തോഷം ഉണര്‍ത്തുന്ന ഒന്നാണ്. കാലങ്ങള്‍ എത്ര കടന്നു പോയാലും നമ്മുടെ സൌഹൃദങ്ങള്‍ ദൃതരമാവട്ടെ. സൌഹൃദങ്ങള്‍ പൂക്കുന്ന വിദ്യാലയ മുറ്റത്ത്‌ ഒരു വട്ടം കൂടി ...ഓര്‍മകളുടെ സുഖം നുകരുവാന്‍ ..പ്രിയരേ നമുക്ക് ഒരുമിച്ചു ചേരാം..

അലക്സ്‌ ജോണ്‍ വടക്കേഅറക്കല്‍ ,റോം