Wednesday 19 September 2012

ഒന്നാം ക്ലാസ്സുകാരി അക്ഷരം പഠിപ്പിച്ചപ്പോള്‍ !

സി. ഫിലോ പ്ലാക്കല്‍ .S .H

1992 എനിക്ക്  ഇടുക്കി ജില്ലയിലെ രാജമുടി എല്‍ .പി സ്കൂളില്‍ അധ്യാപികയായി സ്ഥിരനിയമനം ലഭിച്ച കാലം. ഒന്ന്, രണ്ടു  ക്ലാസ്സുകളില്‍ മലയാളം പഠിപ്പിക്കണം, കൂടാതെ മറ്റു വിഷയങ്ങളും .ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞാനൊരു കാര്യം തിരിച്ചറിഞ്ഞു. എനിക്ക് മലയാളം എഴുതാന്‍ അറിയില്ല!.കുട്ടികള്‍ക്ക് മുമ്പില്‍ എന്റെ അക്ഷരം ബോര്‍ഡില്‍ കിടന്നു എന്നെ കൊഞ്ഞനം കുത്തി. അവരും ചോദിക്കുന്നു: "ടീച്ചറെ , അത് ഏതു അക്ഷരമാ?"
ഞാനത് ഉച്ചരിക്കുമ്പോഴെ അവരുടെ ചോദ്യം വീണ്ടും വരും.
ഞാന്‍ ഉരുകി. ഹൈറേഞ്ചിന്റെ ആ തണുത്ത അന്തരീക്ഷത്തിലും ഞാന്‍ വിയര്‍ത്തു .ആരുടെ മുന്‍പില്‍ ?! വെറും അഞ്ചും ആറും വയസ്സ്  മാത്രമുള്ള കുഞ്ഞുങ്ങളുടെ മുന്‍പില്‍ ..!
ഞാന്‍ തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ നിന്നും മലയാളത്തില്‍ എം.എ ബിരുദവും ബാംഗ്ലൂര്‍ യൂനിവേഴ്സിടിയില്‍ നിന്നും ഇംഗ്ലീഷില്‍ ബി. എഡും കഴിഞ്ഞു പഠിപ്പിക്കാനിറങ്ങിയവൾ!
മലയാളം എം.എ ക്ലാസ്സിലെ ഒരു സംഭവം എന്റെ ഓര്‍മയില്‍ തെളിഞ്ഞു . പ്രൊഫ. ഓ .എന്‍.വി കുറുപ്പ് സര്‍ ഞങ്ങളുടെ പരീക്ഷാ പേപ്പര്‍ തന്നു കൊണ്ടിരിക്കുന്നു .ഓരോ പേപ്പറും എടുത്തു വിശകലനം ചെയ്തിട്ടാണ് തരുന്നത്.എന്റെ പേപ്പര്‍ എടുത്തു ഉയര്‍ത്തി പിടിച്ചു സര്‍ ഒരു കമന്റ്‌ പറഞ്ഞു." ഫസ്റ്റ് റാങ്ക് കിട്ടേണ്ട പേപ്പര്‍ ആണിത് . ഇങ്ങനെ എഴുതിയാല്‍ വെറുമൊരു സെക്കന്റ്‌ ക്ലാസ് തന്നു അവരിത് തഴയും. ഈ അക്ഷരം നന്നാക്കണം."
അക്ഷരം നന്നാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു , എനിക്ക് കഴിഞ്ഞില്ല.സാറിന്റെ വാക്ക് സത്യമായി. ഞാന്‍ സെക്കന്റ്‌ ക്ലാസ്സിലാണ് എം.എ പാസ്സായത്‌.
ഇതാ, ഇവിടെ ഈ കുഞ്ഞുങ്ങള്‍ എന്റെ അക്ഷരത്തെ കുറിച്ച് പറയുന്നു.
ഞാന്‍ അവരോടു ഒരു കാര്യം പറഞ്ഞു."മക്കളെ എന്റെ അക്ഷരം വളരെ മോശമാണ് . ഇനി എന്റെ അക്ഷരം നന്നാകില്ല . നിങ്ങളുടേത് നന്നാകും.ഒരു കാര്യം ചെയ്യണം നന്നായി ഉരുട്ടി,സമയമെടുത്ത്‌, ഭംഗിയായി എഴുതണം.അപ്പോള്‍ നിങ്ങളുടെ അക്ഷരം നക്ഷത്രം പോലെ പ്രകാശിക്കും"
അവര്‍ അങ്ങനെ ചെയ്യും,സ്ലെയിററ് എന്റെ അടുക്കല്‍ കൊണ്ട് വരും.ഞാന്‍ ശരിയിടുമ്പോള്‍ അവര്‍ തുള്ളിച്ചാടും. അവരില്‍ രണ്ടു പെണ്‍കുട്ടികള്‍ എന്നെ വിളിച്ചു, അവരുടെ ബെഞ്ചില്‍ എന്നെയുമിരുത്തി , ഇരു വശങ്ങളിലും ഇരുന്നു അക്ഷരമെഴുത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുവാന്‍ തുടങ്ങി ." ടീച്ചറിന്റെ വിരല്‍ തന്നേ,ഞാന്‍ പഠിപ്പിക്കാം നന്നായി ഉരുട്ടി,സമയമെടുത്ത്‌, ഭംഗിയായി എഴുതണം.നക്ഷത്രം പോലെ തിളങ്ങട്ടെ ..ങാ ..അങ്ങനെ..ശരിയായി..ശരിയായി"
ആ ചെറിയ, വലിയ അധ്യാപകര്‍ എന്റെ അക്ഷരം ശരിയാക്കി തന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ഇന്ന് എനിക്കറിയാം എന്റെ മുമ്പിലിരിക്കുന്ന കുഞ്ഞുങ്ങള്‍ എന്നെക്കാള്‍ വലിയവരാണെന്ന്! അത്ഭുതം കൂറുന്ന മിഴികളും വിടരുന്ന ഭാവനയും അവരെ ഏതോ ലോകത്തിലേക്ക്‌ ആനയിക്കുകയാണ്.അവരുടെ കണ്ണുകളിലും ചിരിയിലും പുതിയൊരു ലോകം പിറക്കുന്നത്‌ കണ്ടു യഥാര്‍ത്ഥത്തില്‍ സ്വയം മറന്നത് ഞാനാണ്-ഈ മലയാളം എം.എ ക്കാരി.!

വിഷ്ണുവിന് ഇന്ന് കണക്കു പരീക്ഷയാണ്! ..

സി. ഫിലോ പ്ലാക്കല്‍ .S .H

സ്കൂളില്‍ ക്രിസ്മസ് പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു . അധ്യാപകരും കുട്ടികളും പതിവുപോലെ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു സ്കൂളിലേക്ക്.അന്ന് രാവിലെ എനിക്ക് പരീക്ഷ ജോലിയില്ല .തിരക്കൊഴിഞ്ഞപ്പോള്‍ ഞാനും പള്ളിയിലെത്തി.
അവിടെ മാതാവിന്റെ രൂപത്തിന് മുന്പില്‍ അവിടവിടെ തിരുകി വച്ചിരിക്കുന്ന പേപ്പര്‍ കഷണങ്ങള്‍.വെറുതെ ഒന്നെടുത്തു .അതില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു:"അമ്മെ വിഷ്ണുവിന് ഇന്ന് കണക്കു പരീക്ഷയാണ് !.മറ്റു പേപ്പറുകളില്‍ ചിലതിലും ഞാന്‍ കണ്ണോടിച്ചു..എല്ലാം വെറും അപേക്ഷകള്‍ മാത്രം പേപ്പറുകള്‍ എല്ലാം തല്‍സ്ഥാനങ്ങളില്‍ തന്നെ ഞാനും തിരുകി.
എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വിഷ്ണുവിന്റെ മുഖവും രൂപവും ഭാവവും പെരുമാറ്റവും..എല്ലാം മനസ്സില്‍ നിറഞ്ഞു . എന്നും വൈകുന്നേരം സ്കൂള്‍ വിട്ടു പരിശുദ്ധ അമ്മയുടെ ഈ സന്നിധിയില്‍ വന്നു നിന്ന് പ്രാര്‍ത്ഥിക്കുന്ന അവനെ ഈ അമ്മക്കറിയാം. കണക്കിലെ അവന്റെ പ്രയാസങ്ങളും അമ്മക്കറിയാം . ഈ ബോധ്യം അവനുണ്ട്.
എന്നും മദ്യപിച്ചു വന്നു വീട്ടില്‍ വലിയ ബഹളമുണ്ടാക്കുകയും, അമ്മയെ അതി ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്ന സ്വന്തം അച്ഛനില്‍ നിന്ന് ലഭിക്കാതെ പോയ സ്നേഹ വാത്സല്യങ്ങള്‍ ഈ മാതൃ സന്നിധിയില്‍ നിന്നാണ് അവനു ലഭിക്കുന്നത് .
എന്റെ മനസ് വിതുമ്പി: എന്റെ വിഷ്ണു നീ എത്ര വലിയവനാണ്‌ .
നാകപ്പുഴ സ്കൂളിലെ വെളുത്ത്, മെല്ലിച്ച ആ ഒമ്പതാം ക്ലാസുകാരന്‍ എനിക്ക് തന്ന അറിവ് വളരെ വലുതായിരുന്നു .
"സര്‍വ്വ ജ്ഞാനവും കര്‍ത്താവില്‍ നിന്നും വരുന്നു"(പ്രഭാ:1 /1 ) എന്ന് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു. "തന്നെ സ്നേഹിക്കുന്നവര്‍ക്ക് അവിടുന്ന് ജ്ഞാനം നല്‍കുന്നു"(പ്രഭാ: 1 /10 ) ജ്ഞാനത്തിന്റെ ഉറവിടം ദൈവമാണ്." ദൈവം നല്‍കുന്നില്ലെങ്കില്‍ ജ്ഞാനം എനിക്ക് ലഭിക്കില്ല."(ജ്ഞാനം:8 /21 )
വിഷ്ണുവിന് ജ്ഞാനം ലഭിച്ചത് ദൈവത്തില്‍ നിന്നാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ദാവീദിന് ശേഷം ഇസ്രായേലില്‍ രാജാവായ സോളമനോട് കര്‍ത്താവ്‌ പറഞ്ഞു: " ഞാന്‍ നിനക്ക് ജ്ഞാനവും വിവേകവും നല്‍കുന്നു"(2  ദിന: 1 / 10 -12 )
അവിടെയിരുന്നപ്പോള്‍ എന്റെ മനസിലും പ്രാര്‍ത്ഥന നിറഞ്ഞു: " കര്‍ത്താവേ അങ്ങയുടെ മക്കളെ പഠിപ്പിക്കാന്‍ ജ്ഞാനവും വിവേകവും എനിക്ക് നല്കണമേ"

പെട്ടിപ്പുറത്തിരുന്നു താക്കോല്‍ ചുഴറ്റുന്ന അപ്പന്‍.!

സി. ഫിലോ പ്ലാക്കല്‍ .S .H

സ്കൂളിലെ പത്താം ക്ലാസ്സിലെ മോഡല്‍ എക്സാം പേപ്പര്‍ നോക്കുകയായിരുന്നു ഞാന്‍.മിക്കവരും സാമാന്യം നന്നായി എഴുതിയിട്ടുണ്ട്.എനിക്കും സന്തോഷം!.
ഇതിനിടയില്‍ നോക്കാന്‍ എടുത്ത പേപ്പര്‍ കണ്ടു ഞാന്‍ ആകെ പകച്ചു. ഒന്നും എഴുതിയിട്ടില്ല. എന്ത് പറ്റി?.! ഞാന്‍  പേര് നോക്കി .അമ്മു.ഒന്നും പഠിക്കാതെ ,ഒന്നും എഴുതാതെ ഇങ്ങനെ ഒരു പേപ്പര്‍.അതും മലയാളം !.ഈ കൊച്ചിന് എന്ത് പറ്റി.? ഇവളെ പഠിപ്പിക്കാന്‍ "വടി" ഇല്ലാതെ പറ്റില്ല. ഞാന്‍ തീരുമാനിച്ചു.
പിറ്റേന്ന് പേപ്പറുമായി ഞാന്‍ ക്ലാസ്സിലെത്തി. ചോദ്യ പേപ്പര്‍ വിശകലനം ചെയ്തു.ഇനി പേപ്പര്‍ കൊടുക്കണം. എല്ലാവരും അടക്കി പിടിച്ചിരിക്കുന്നു.
എന്റെ മുഖം ഗൌരവം പൂണ്ടു. അമ്മുവിന്‍റെ പേപ്പര്‍ എടുത്തു.ശൂന്യം ! ശുദ്ധ ശൂന്യം!.എന്ത്യേ അമ്മു ഇത്?
നിറഞ്ഞു തുളുമ്പുന്ന കണ്ണുകള്‍..കണ്ഠമിടറി അവള്‍ ഉറക്കെ പറഞ്ഞു."പുസ്തകങ്ങള്‍ വയ്ക്കുന്ന ഒരു പെട്ടി എനിക്കുണ്ട്..അന്ന് ആ ദിവസങ്ങളിലെല്ലാം പപ്പാ , കുടിച്ചു വന്നു , പെട്ടിപ്പുറത്തിരിക്കും. രാത്രി രണ്ടു മണി കഴിയാതെ അവിടെ നിന്നും എഴുന്നേല്‍ക്കില്ല...! ആ പെട്ടിയുടെ താക്കോല്‍ പപ്പാ കയ്യിലിട്ടു ചുഴറ്റിക്കൊണ്ടിരിക്കും. എന്നിട്ട് ബഹളം തന്നെ...ബഹളം ..എനിക്കൊന്നും വായിക്കാന്‍ കഴിഞ്ഞില്ല. ടീച്ചര്‍ ..കുറെ പുസ്തകങ്ങള്‍ പപ്പാ കത്തിച്ചും കളഞ്ഞു ..ഞാന്‍ എങ്ങനെ പഠിക്കും ? എനിക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല .."
ക്ലാസ് മുഴുവന്‍ നിശബ്ദം!.നോക്കുമ്പോള്‍ എല്ലാവരും കരയുന്നു..എനിക്കും നിയത്രിക്കുവാന്‍ കഴിയുന്നില്ല..
പിന്നീടു ഞാന്‍ ഒരു കാര്യം മനസിലാക്കി. അപ്പച്ചന്റെ മദ്യപാനം മൂലം വേദന അനുഭവിക്കേണ്ടി വരുന്ന കുട്ടികളില്‍ ആദ്യത്തെ ആളായിരുന്നില്ല അമ്മു എന്ന്.! മിക്ക കുട്ടികളുടെയും വീടുകളില്‍ ഇത് തന്നെ ആണവസ്ഥ. വിളമ്പി വച്ച ഭക്ഷണം പോലും കഴിക്കാന്‍ പറ്റുന്നില്ല. അപ്പന്റെ വരവ് അറിയിച്ചു കൊണ്ടുള്ള ശബ്ദം അങ്ങകലെ കേള്‍ക്കുമ്പോഴേ , മരച്ചുവട്ടിലേക്ക് പായുന്ന അമ്മമാരും കുഞ്ഞുങ്ങളും..! എന്റെ മുമ്പിലിരുന്നു സാഹിത്യാഭ്യസനം ചെയ്യുന്ന കുട്ടികളുടെ അവസ്ഥയാണിത്.
"വീന്ഞ്ഞു പരിഹാസകനും, മദ്യം കലഹക്കാരനുമാണ്: അവയ്ക്ക് അടിമപ്പെടുന്നവന് വിവേകമില്ല."(സുഭാ: 20 / 1 ) "ചഷകങ്ങളില്‍ വീഞ്ഞ് ചെമന്നു തിളങ്ങി കവിഞ്ഞൊഴുകുന്നത് നോക്കിയിരിക്കരുത്; അവസാനം അത് പാമ്പിനെ പോലെ കടിക്കുകയും , അണലിയെ പോലെ കൊത്തുകയും ചെയ്യും "  (സുഭാ: 23 / 31 -32 )
ഈ സത്യം നമ്മുടെ ആളുകള്‍ തിരിച്ചറിഞ്ഞെങ്കില്‍....!!!

Wednesday 8 August 2012

അഭിനന്ദനങ്ങള്‍ !!

നമ്മുടെ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ മനു വാര്യര്‍ക്ക് കേരള യൂണിവേഴ്സിറ്റി എം.ടെക് മെക്കാനിക്കലില്‍ ഒന്നാം റാങ്ക്. ടി.കെ.എം.എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയായിരുന്നു. കോതമംഗലം എം.എ കോളേജില്‍ നിന്ന് 2003 ല്‍ ബി.ടെക്കിലും ഒന്നാം റാങ്ക് നേടിയിരുന്നു. തൊടുപുഴ പെരുംപള്ളിച്ചിറ വാര്യത്ത്‌ രാമദാസിന്റെയും തെക്കേ മഴുവന്നൂര്‍ ഹൈ സ്കൂള്‍ അധ്യാപിക ശ്രീകുമാരിയുടെയും മകനാണ്. ഇപ്പോള്‍ ഐ.എസ്.ആര്‍.ഓ. യില്‍ ക്രയോജനിക് വിഭാഗത്തില്‍ സയന്റിസ്ടായി ജോലി നോക്കുകയാണ്.

Friday 22 June 2012

ഐതീഹ്യങ്ങളുറങ്ങുന്ന നാകപ്പുഴ(the myth of nakapuzha)

മരിയറ്റ് ജോസ് വടക്കെക്കുന്നേല്‍

        ഒരിക്കല്‍  വള്ളി  എന്ന പെണ്‍കുട്ടിക്ക് ശിവപുത്രനായ സുബ്രഹ്മണ്യനെ വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ടായി.കുമാരനെ വരാനായി ലഭിക്കാന്‍ അവള്‍ കഠിന തപസ്സ് ചെയ്തു.കുമാരന്‍ അവളെ ഒന്ന് പരീക്ഷിക്കാന്‍  തീരുമാനിച്ചു.ആ ഉദ്ദേശ്യത്തോടെ കുമാരന്‍ ആനയുടെ രൂപത്തില്‍ ചെന്ന് അവളെ ഭയപ്പെടുത്തി.സുബ്രമണ്യ രക്ഷിക്കൂ എന്നും പറഞ്ഞ് അവള്‍ ഭയന്നോടി.ആനയുടെ വേഷത്തില്‍ വന്ന കുമാരന്‍ ഇത് കേട്ട് തന്‍റെ ശ്രമത്തില്‍ നിന്നും പിന്തിരിഞ്ഞു.അവള്‍ വീണ്ടും തന്‍റെ തപസ്സ് തുടര്‍ന്നു.പെട്ടെന്നതാ വീണ്ടും ഒരു നടുക്കം.പ്രപഞ്ചമാകെ കുലുക്കി മറിച്ചുകൊണ്ട് ഒരു കാട്ടുപോത്ത് അവളുടെ നേരെ പാഞ്ഞടുത്തു.അവള്‍ വീണ്ടും കുമാരനെ വിളിച്ച്  കരഞ്ഞുകൊണ്ട് ഓടി.ഇതുകേട്ട കുമാരന്‍ തന്‍റെ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച്‌ വള്ളിയുടെ മുന്‍പില്‍ തന്‍റെ വാഹനമായ മയിലിന്‍റെ  പുറത്ത് പ്രത്യക്ഷപ്പെട്ടു.വള്ളിയോട്  ആഗ്രഹമാരാഞ്ഞു.വള്ളി തന്‍റെ ആഗ്രഹം കുമാരനെ അറിയിച്ചു.കുമാരന്‍ അവളെ അനുഗ്രഹിച്ചു.കുമാരനും വള്ളിയും തമിലുള്ള വിവാഹം നടന്നു.കുമാരന്‍ വള്ളിയെ വിവാഹം ചെയ്ത സ്ഥലത്തിന് കുമാരമംഗലം എന്ന പേര് ലഭിച്ചു.കൂടാതെ കുമാരന്‍റെ വാഹനമായ മയിലിനെ താമസിപ്പിച്ച സ്ഥലത്തിന് മയിലക്കൊമ്പ് എന്നും പേര് ലഭിച്ചു.മയിലിന്‍റെ ഭക്ഷണമായ പാമ്പ് ധാരാളം ഉണ്ടായിരുന്ന ഭാഗത്തെ “നാഗപ്പുഴ”എന്ന് വിളിച്ചു.വള്ളിയെ ഉടലോടെ ദേവലോകത്തേക്ക് കൊണ്ടുപോകാന്‍ കഴിയാതിരുന്നതിനാല്‍ അവളെ ഒരു കാവില്‍ കുടിയിരുത്തി.അത് ഇന്ന് വള്ളിയാനിക്കാട്‌ ക്ഷേത്രം എന്ന പേരില്‍ അറിയപ്പെടുന്നു.എന്നാല്‍ പാമ്പുകളുടെ പുഴ(നാഗപ്പുഴ) എന്ന പേരില്‍ അറിയപ്പെടാന്‍ അവിടുത്തെ ആളുകള്‍ ഇഷ്ട്ടപ്പെടാതിരുന്നതിനാല്‍ നാഗപ്പുഴ എന്നത് നാകപ്പുഴ(സ്വര്‍ഗപ്പുഴ)എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി..........................

ഇനി മറ്റൊരു ഐതീഹ്യം പറയുന്നത് ഇങ്ങനെയാണ്.....പണ്ട് നാഗപ്പുഴയുടെ രണ്ട് വശത്തായി മണിയന്ത്രം,സന്യാസിമല എന്നീ രണ്ട് മലകള്‍ ഉണ്ടായിരുന്നു.ആ മലകള്‍ക്കിടയില്‍ കൂടി ഒരു പുഴ ഒഴുകിയിരുന്നു.ആ പുഴയില്‍ ആനകള്‍ ദിവസവും വെള്ളം കുടിക്കാനായി എത്തിയിരുന്നു.അങ്ങനെ ആ സ്ഥലത്തിന് നാഗപ്പുഴ എന്ന പേര് ലഭിച്ചു.മലയാളത്തില്‍ നാഗം എന്ന വാക്കിന് ആന എന്നും അര്‍ത്ഥം ഉണ്ട്....

Saturday 2 June 2012

കവിത - Shinto Mathew

പ്രണയം ഒരു വേദനയായ് 

                          - Shinto Mathew - കുമാരമംഗലം (1999 ബാച്ച്)  

രു നേര്‍ത്ത കുളിര്‍ മഞ്ഞു പോല്‍
പ്രണയമായ് വന്നെന്‍ അരികില്‍ നീ
വസന്തം ചമയുന്ന നിന്‍ മുഖമെന്‍
ഹൃദയതാളുകളില്‍ പതിഞ്ഞതെന്നെന്നറിയില്ല;

കലാലയ വഴിത്താരയില്‍ സഖീ..
നിന്‍ കലൊച്ചകള്‍ക്കായ് ഞാന്‍ കാതോര്‍ത്തിരുന്നു..
അക്ഷരതാളുകളില്‍ പോലും നിന്‍ മുഖമെന്‍ -
മിഴികളെ ആനന്ദാശ്രുക്കളാക്കി;

ഒരു വാക്ക് ഞാന്‍ പറഞ്ഞിരുന്നെങ്കില്‍..
ഒരു മാത്ര നിന്‍ മുന്നില്‍ വന്നിരുന്നെങ്കില്‍..
എന്‍ അധരം പ്രണയമായ് നിന്നില്‍ പൊഴിഞ്ഞേനെ
എന്‍ മോഹങ്ങള്‍ പൂവണിയുമായിരുന്നെന്‍ പ്രിയതമേ;    

കാലമാം ജീവിത വഴിത്താരയില്‍ നീ..
എവിടേക്ക് പോയ്‌ മറഞ്ഞിരിക്കുന്നു സഖീ !
മായാത്ത മുഖമായ്‌ നീ,
എന്‍ മനസിനെ തീരാത്ത വേദനയായ് മാറ്റിടുന്നു സഖീ !

മായാജാലമായ് നീയെന്നടുത്തെത്തി..
നീറുമെന്‍  ഹൃദയത്തി നാശ്വാസമേകിടൂ സഖീ !  
   

     

Wednesday 23 May 2012

ഓര്‍മ്മച്ചെപ്പ്-അലക്സ്‌ ജോണ്‍ വടക്കേഅറക്കല്‍

നാകപ്പുഴ അമ്മയുടെ ചൈതന്യവുമായി, നാകപ്പുഴ പള്ളിയുടെ തിരുമുറ്റത്ത്‌ വിദ്യയുടെ കെടാവിളക്കായി നിലകൊള്ളുന്ന വിദ്യാലയം. അനേകം വിദ്യാര്‍ഥികള്‍ക്ക് വിദ്യയും, വിജ്ഞാനവും, വിവേകവും, വിജയവും പകര്‍ന്ന് നിലകൊള്ളുന്ന വിദ്യയുടെ ആലയം, സെന്റ്‌ മേരീസ് ഹൈസ്കൂള്‍ നാകപ്പുഴ. ഓര്‍മകളില്‍  ഒരായിരം വര്‍ണങ്ങള്‍ വിടര്‍ത്തുന്ന എന്റെ വിദ്യാലയം.

അജ്ഞതയുടെ ലോകത്ത് നിന്നും വിജ്ഞാനത്തിന്റെ അനന്തതയിലേക്ക് നമ്മെ നയിച്ച ഈ അറിവിന്റെ കൂടാരം, അനുഭവങ്ങളുടെയും അറിവിന്റെയും ആഴങ്ങള്‍ ദര്‍ശിച്ച ഗുരുക്കന്മാരുടെ കൈകളില്‍ ഇന്നും ഭദ്രം. വിവിധങ്ങളായ സംസ്കാരങ്ങളുടെയും, മതത്തിന്റെയും, ഭാഷയുടെയും വൈവിധ്യങ്ങളാല്‍ സമ്പന്നമായ ആര്‍ഷഭാരത സംസ്കാരം ഇന്നും ഒളിമങ്ങാതെ നിലകൊള്ളുന്നത് നമ്മുടെ വിദ്യാഭ്യാസ സംസ്കാരത്തിന്റെ മേന്മ ഒന്നുകൊണ്ടു മാത്രമാണ്.

അറിവിന്റെ ആഴവും അര്‍ത്ഥവും പകര്‍ന്ന് എന്നിലെ വിദ്യാര്‍ഥിയെ ഉണര്‍ത്തിയ എന്റെ വിദ്യാലയത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പഴയ കവിതാകലം ഓര്‍മ്മയില്‍ തെളിയുന്നു
 "ഒരുവട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
.............................................................."
എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി സൌഹൃദങ്ങള്‍ സമ്മാനിച്ച ആ വിദ്യാലയമാണ് ഇന്ന് എന്റെ ഗൃഹാതുരത്വമുനര്തുന്ന ഓര്‍മകള്‍ക്ക് മാറ്റ് കൂട്ടുക.

ആദ്യാക്ഷരം കുറിച്ചപ്പോള്‍ നാവു തരിച്ചതും, മണലിലെ എഴുത്തില്‍ വിരല്‍ത്തുമ്പിലേറ്റ വേദനയും ഇന്ന് മധുരിക്കുന്ന ഓര്‍മ്മകള്‍. അക്ഷരം തെറ്റിച്ചപ്പോള്‍ ആശാന്‍ കൈവിരല്‍ മണലില്‍ ബലമായി ഉരച്ചപ്പോള്‍ അത് ജീവിതത്തിലെ ഏറ്റവും വലിയ വേദനയായി.എന്നാല്‍ ആശാനില്‍ നിന്നും രണ്ടക്ഷരം പഠിച്ച അഹങ്കാരത്തോടെ ഒന്നാം ക്ലാസിന്റെ പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ അതാ ചുവര് നിറയെ അക്ഷരമാലയും പേരുകളും ..!!ഒരുവേള ഒന്ന് വിതുമ്പിപ്പോയതോര്‍മ വരുന്നു. അക്ഷരാഭ്യാസമില്ലതിരുന്ന വി.ടി. ഭട്ടതിരിപ്പാടിന് മലയാള അക്ഷരങ്ങള്‍ കുനിയനുറുമ്പ്‌ നിരയിട്ടപോലെ തോന്നിയെങ്കില്‍ എന്റെ കാര്യം പറയണോ?.ഒന്നാം ക്ലാസുമുതല്‍ നാലാം ക്ലാസ് വരെ ചുവരില്‍ തൂങ്ങിക്കിടന്നു കാറ്റത്താടുന്ന കണക്കിന്റെ പട്ടിക കണ്ണുകളില്‍ എന്നും ഇരുട്ടും വെള്ളവും നിറച്ചിരുന്നു.
അങ്ങനെ അതാ, ഒരു ടീച്ചര്‍ കയ്യില്‍ നാലുവരയിട്ട ബുക്കുമായി നാലാം ക്ലാസിലേക്ക്. തെല്ലു അത്ഭുതത്തോടെ ആ ടീച്ചറെ നോക്കി നില്‍ക്കെ, അല്പം ആശ്വാസമായി പ്യൂണിന്റെ വരവ്..ആ സമയം കൊണ്ട് അടുത്തിരുന്നവനെ തോണ്ടി വര്‍ത്തമാനം പറഞ്ഞപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല.അതിനിടയില്‍ ടീച്ചറിന്റെ ബ്ദം മുഴങ്ങി; "ഇംഗ്ലീഷ് പകര്‍ത്തു ബുക്ക്‌ എല്ലാരും നാളെ വാങ്ങിക്കൊണ്ടു വരണം." പുതിയ ഒരു വാക്ക് കേട്ടപ്പോള്‍ കുരിശിന്റെ വഴിയിലെ ഒരു വാചകം ഓര്‍മ്മ വന്നു;"ഒരു വേദന തീരും മുന്പ് മറ്റൊന്ന് വന്നു കഴിഞ്ഞു".അന്ന് തുടങ്ങി പുതിയൊരു യുദ്ധത്തിനു തുടക്കം കുറിച്ചു. ഇരുപത്തിയാറു അക്ഷരങ്ങളില്‍ ചിലതെടുത്തു ചേര്‍ത്ത് വച്ച് വായിച്ചപ്പോള്‍ അനുഭവിച്ച ബുദ്ധിമുട്ട് അക്കാലത്തെ വലിയ ഒരു തലവേദനയായിരുന്നു.

അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി, സ്കൂളിനോട് വിടപറയാന്‍ നേരമായി. ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്ന എസ്.എസ് .എല്‍.സി. പരീക്ഷയും എത്തി. ആ ദിവസങ്ങള്‍ സംഭവബഹുലമായിരുന്നു. പരീക്ഷയുടെ തലേന്ന് വലതു കൈ ഒടിഞ്ഞു, എന്നിട്ടും പരീക്ഷ എഴുതി. അവസാനം നൂറു തമാനം വിജയം നേടിയ ഒരു ബാച്ച് എന്നാ അഭിമാനത്തോടെ ഓരോരുത്തരോടായി വിട പറഞ്ഞപ്പോള്‍ പത്തു വര്‍ഷങ്ങള്‍ കൊണ്ട് പണിതുയര്‍ത്തിയ സൌഹൃദങ്ങള്‍ ഒരു നിമിഷം കൊണ്ട് തകര്‍ന്നു വീണത്‌ പോലെ തോന്നി. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഉയര്‍ന്നു വന്ന ഈ പുതിയ ആശയം (പൂര്‍വ വിദ്യാര്‍ഥി സംഗമം ) ഏറ്റവും സന്തോഷം ഉണര്‍ത്തുന്ന ഒന്നാണ്. കാലങ്ങള്‍ എത്ര കടന്നു പോയാലും നമ്മുടെ സൌഹൃദങ്ങള്‍ ദൃതരമാവട്ടെ. സൌഹൃദങ്ങള്‍ പൂക്കുന്ന വിദ്യാലയ മുറ്റത്ത്‌ ഒരു വട്ടം കൂടി ...ഓര്‍മകളുടെ സുഖം നുകരുവാന്‍ ..പ്രിയരേ നമുക്ക് ഒരുമിച്ചു ചേരാം..

അലക്സ്‌ ജോണ്‍ വടക്കേഅറക്കല്‍ ,റോം

Saturday 28 April 2012

അഭിനന്ദനങ്ങള്‍..

S .S .L .C  പരീക്ഷയില്‍ നൂറു തമാനം വിജയം കരസ്ഥമാക്കിയ നാകപ്പുഴ സെന്റ്‌ മേരീസ്‌ ഹൈ സ്കൂളിലെ മുഴുവന്‍ പത്താം ക്ലാസ്സ്‌ വിദ്യാര്ഥികള്‍ക്കും അവരെ ഒരുക്കിയ അധ്യാപകര്‍ക്കും രക്ഷാകര്താക്കള്‍ക്കും അഭിനന്ദനങ്ങള്‍..

Thursday 1 March 2012

നാകപ്പുഴ സ്കൂളിന്റെ ചരിത്രം.

        ഏതൊരു നാടിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അത്തരം സ്ഥാപനങ്ങള്‍ ആവശ്യമായി വരുന്നു. ഇത് തന്നെയാണ് നാകപ്പുഴയിലും സംഭവിച്ചത്. ആശാന്‍ കളരിയിലെ വിദ്യാഭ്യാസം കൊണ്ട് മാത്രം വിദ്യാഭ്യാസ ആവശ്യങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവാണ് 1919
ജൂണ്‍ മാസത്തില്‍ ഈ സ്കൂള്‍ ആരംഭിക്കാന്‍ പ്രേരണയായത്. നാകപ്പുഴ പള്ളി വികാരിയായിരുന്ന ഫാ. ഗീവര്‍ഗീസ് തയ്യില്‍ സ്ഥാപക മാനേജരും ശ്രീ. വര്‍ഗീസ്‌ തുറയ്ക്കല്‍ പ്രഥമ അധ്യാപകനുമായി ഈ സ്കൂള്‍ പ്രയാണമാരംഭിച്ചു.
1921 -ല്‍ മൂന്നാം ക്ലാസ്സ് തുടങ്ങി. 1930 ല്‍ സി കെ ദാനിയേല്‍ പ്രധാന അധ്യാപകനായി ചുമതലയേറ്റു. 1933 ല്‍ കൊച്ചുപറമ്പില്‍ കുഞ്ഞുവര്‍ക്കി അച്ചന്‍ പ്രൈമറി സ്കൂളിന്റെ കുഴപ്പങ്ങള്‍ പരിഹരിച്ച്, ആറ് മാസത്തെ ഗ്രാന്റ് ഒന്നിച്ചു കെട്ടി വച്ചു.കൂടാതെ സ്കൂളിന്റെ മധ്യത്തിലായി പൂമുഖവും പണിതു മനോഹരമാക്കി. 1947 മേയ് മാസം എല്‍ .പി സ്കൂളിന്റെ തറ കോണ്‍ക്രീറ്റ് ചെയ്തു. 1948 ല്‍ അഞ്ചാം ക്ലാസ്സ് ആരംഭിച്ചു. അന്നത്തെ പ്രധാന അധ്യാപക സി.ഫ്രാന്‍സിസ്ക ആയിരുന്നു.
അന്നത്തെ ജനപ്രതിനിധിയായിരുന്ന കെ സി സ്കറിയയുടെ ശ്രമഫലമായി അപ്പര്‍ പ്രൈമറി തലത്തിലേക്ക് ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു .ശ്രീ പി എന്‍ പദ്മനാഭന്‍ , സി ലെയോള തുടങ്ങിയവര്‍ ഇവിടുത്തെ പ്രധാന അധ്യാപകരായിരുന്നു.

        1967 ല്‍ പുതിയ കെട്ടിടത്തിന്റെ പണിയാരംഭിച്ചു. മൂന്നു വര്ഷം കൊണ്ട് ഒരു നില പൂര്‍ത്തിയാക്കി. തുടര്‍ന്ന് 1983 ല്‍ ഈ വിദ്യാലയം ഒരു ഹൈസ്കൂള്‍  ആയി ഉയര്‍ന്നു. ഫാ. പോള്‍ കാക്കനാട്ട് ആയിരുന്നു അന്നത്തെ മാനേജര്‍. തുടര്‍ന്ന് ഫാ.മാത്യു മഞ്ചേരി, ഫാ.മാത്യു വല്ല്യമറ്റം, ഫാ. മന്ച്ചപ്പിള്ളില്‍, ഫാ. ജോര്‍ജ് പടിഞ്ഞാറെക്കൂറ്റ്, ഫാ.പോള്‍ കോടമുള്ളില്‍, ഫാ.ജോസഫ്‌ കടുകന്മാക്കല്‍, ഫാ.ജോര്‍ജ് വള്ളോംകുന്നേല്‍ എന്നിവര്‍ മാനേജര്‍മാരായി ഇവിടെ സേവനം അനുഷ്ഠിച്ചു. ഇപ്പോഴത്തെ മാനേജര്‍ ഫാ. ജോസഫ്‌ അടപ്പൂര്‍ ആണ്.

2002 Batch

Tuesday 14 February 2012

പൂര്‍വവിദ്യാര്‍ഥിസംഗമം

നാകപ്പുഴ സ്കൂളില്‍ ഇതുവരെ നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങളെ കുറിച്ച് നിങ്ങള്‍ക്കിവിടെ വായിക്കാം.

ആദരാഞ്ജലികള്‍

നമ്മില്‍ നിന്നും വേര്‍പെട്ടു പോയ കൂട്ടുകാരുടെയും അധ്യാപകരുടെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ ..

ബാച്ച് ഫോട്ടോസ്

ഇവിടെ പഠിച്ചു പോയ മുന്‍ ബാച്ചുകളുടെ ഗ്രൂപ്പ്‌ ഫോട്ടോകള്‍ നിങ്ങള്‍ക്കിവിടെ കാണാം. ഇവിടെ നിങ്ങളുടെ ബാച്ചിലെ ഫോട്ടോ ചേര്‍ത്തിട്ടില്ലെങ്കില്‍ ദയവായി താഴെയുള്ള ഇ - മെയിലില്‍ അയച്ചു തരിക.
stmarysnakapuzha@gmail.com

ഓര്‍മ്മക്കുറിപ്പ്‌ !

ഇവിടെ നിന്നും പഠിച്ചു പോയ വിദ്യാര്‍ഥികളുടെയും പഠിപ്പിച്ചു പോയ അധ്യാപകരുടെയും ഓര്‍മ്മക്കുറിപ്പുകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം

ചരിത്രം

ഏതാണ്ട് 93 വര്‍ഷത്തെ ചരിത്രമുള്ളതാണ് നമ്മുടെ ഈ വിദ്യാലയത്തിന്. ഇതിന്റെ ചരിത്രത്തിലെ സുപ്രധാന ഏടുകള്‍ നിങ്ങള്ക്ക് ഇവിടെ വായിക്കാം..നിങ്ങള്‍ക്ക് അറിയാവുന്നവ ഇവിടെ കമന്റുകള്‍ ആയി പങ്കു വയ്ക്കാം ..