Wednesday 19 September 2012

വിഷ്ണുവിന് ഇന്ന് കണക്കു പരീക്ഷയാണ്! ..

സി. ഫിലോ പ്ലാക്കല്‍ .S .H

സ്കൂളില്‍ ക്രിസ്മസ് പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു . അധ്യാപകരും കുട്ടികളും പതിവുപോലെ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു സ്കൂളിലേക്ക്.അന്ന് രാവിലെ എനിക്ക് പരീക്ഷ ജോലിയില്ല .തിരക്കൊഴിഞ്ഞപ്പോള്‍ ഞാനും പള്ളിയിലെത്തി.
അവിടെ മാതാവിന്റെ രൂപത്തിന് മുന്പില്‍ അവിടവിടെ തിരുകി വച്ചിരിക്കുന്ന പേപ്പര്‍ കഷണങ്ങള്‍.വെറുതെ ഒന്നെടുത്തു .അതില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു:"അമ്മെ വിഷ്ണുവിന് ഇന്ന് കണക്കു പരീക്ഷയാണ് !.മറ്റു പേപ്പറുകളില്‍ ചിലതിലും ഞാന്‍ കണ്ണോടിച്ചു..എല്ലാം വെറും അപേക്ഷകള്‍ മാത്രം പേപ്പറുകള്‍ എല്ലാം തല്‍സ്ഥാനങ്ങളില്‍ തന്നെ ഞാനും തിരുകി.
എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വിഷ്ണുവിന്റെ മുഖവും രൂപവും ഭാവവും പെരുമാറ്റവും..എല്ലാം മനസ്സില്‍ നിറഞ്ഞു . എന്നും വൈകുന്നേരം സ്കൂള്‍ വിട്ടു പരിശുദ്ധ അമ്മയുടെ ഈ സന്നിധിയില്‍ വന്നു നിന്ന് പ്രാര്‍ത്ഥിക്കുന്ന അവനെ ഈ അമ്മക്കറിയാം. കണക്കിലെ അവന്റെ പ്രയാസങ്ങളും അമ്മക്കറിയാം . ഈ ബോധ്യം അവനുണ്ട്.
എന്നും മദ്യപിച്ചു വന്നു വീട്ടില്‍ വലിയ ബഹളമുണ്ടാക്കുകയും, അമ്മയെ അതി ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്ന സ്വന്തം അച്ഛനില്‍ നിന്ന് ലഭിക്കാതെ പോയ സ്നേഹ വാത്സല്യങ്ങള്‍ ഈ മാതൃ സന്നിധിയില്‍ നിന്നാണ് അവനു ലഭിക്കുന്നത് .
എന്റെ മനസ് വിതുമ്പി: എന്റെ വിഷ്ണു നീ എത്ര വലിയവനാണ്‌ .
നാകപ്പുഴ സ്കൂളിലെ വെളുത്ത്, മെല്ലിച്ച ആ ഒമ്പതാം ക്ലാസുകാരന്‍ എനിക്ക് തന്ന അറിവ് വളരെ വലുതായിരുന്നു .
"സര്‍വ്വ ജ്ഞാനവും കര്‍ത്താവില്‍ നിന്നും വരുന്നു"(പ്രഭാ:1 /1 ) എന്ന് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു. "തന്നെ സ്നേഹിക്കുന്നവര്‍ക്ക് അവിടുന്ന് ജ്ഞാനം നല്‍കുന്നു"(പ്രഭാ: 1 /10 ) ജ്ഞാനത്തിന്റെ ഉറവിടം ദൈവമാണ്." ദൈവം നല്‍കുന്നില്ലെങ്കില്‍ ജ്ഞാനം എനിക്ക് ലഭിക്കില്ല."(ജ്ഞാനം:8 /21 )
വിഷ്ണുവിന് ജ്ഞാനം ലഭിച്ചത് ദൈവത്തില്‍ നിന്നാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ദാവീദിന് ശേഷം ഇസ്രായേലില്‍ രാജാവായ സോളമനോട് കര്‍ത്താവ്‌ പറഞ്ഞു: " ഞാന്‍ നിനക്ക് ജ്ഞാനവും വിവേകവും നല്‍കുന്നു"(2  ദിന: 1 / 10 -12 )
അവിടെയിരുന്നപ്പോള്‍ എന്റെ മനസിലും പ്രാര്‍ത്ഥന നിറഞ്ഞു: " കര്‍ത്താവേ അങ്ങയുടെ മക്കളെ പഠിപ്പിക്കാന്‍ ജ്ഞാനവും വിവേകവും എനിക്ക് നല്കണമേ"

No comments:

Post a Comment