Wednesday 19 September 2012

ഒന്നാം ക്ലാസ്സുകാരി അക്ഷരം പഠിപ്പിച്ചപ്പോള്‍ !

സി. ഫിലോ പ്ലാക്കല്‍ .S .H

1992 എനിക്ക്  ഇടുക്കി ജില്ലയിലെ രാജമുടി എല്‍ .പി സ്കൂളില്‍ അധ്യാപികയായി സ്ഥിരനിയമനം ലഭിച്ച കാലം. ഒന്ന്, രണ്ടു  ക്ലാസ്സുകളില്‍ മലയാളം പഠിപ്പിക്കണം, കൂടാതെ മറ്റു വിഷയങ്ങളും .ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞാനൊരു കാര്യം തിരിച്ചറിഞ്ഞു. എനിക്ക് മലയാളം എഴുതാന്‍ അറിയില്ല!.കുട്ടികള്‍ക്ക് മുമ്പില്‍ എന്റെ അക്ഷരം ബോര്‍ഡില്‍ കിടന്നു എന്നെ കൊഞ്ഞനം കുത്തി. അവരും ചോദിക്കുന്നു: "ടീച്ചറെ , അത് ഏതു അക്ഷരമാ?"
ഞാനത് ഉച്ചരിക്കുമ്പോഴെ അവരുടെ ചോദ്യം വീണ്ടും വരും.
ഞാന്‍ ഉരുകി. ഹൈറേഞ്ചിന്റെ ആ തണുത്ത അന്തരീക്ഷത്തിലും ഞാന്‍ വിയര്‍ത്തു .ആരുടെ മുന്‍പില്‍ ?! വെറും അഞ്ചും ആറും വയസ്സ്  മാത്രമുള്ള കുഞ്ഞുങ്ങളുടെ മുന്‍പില്‍ ..!
ഞാന്‍ തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ നിന്നും മലയാളത്തില്‍ എം.എ ബിരുദവും ബാംഗ്ലൂര്‍ യൂനിവേഴ്സിടിയില്‍ നിന്നും ഇംഗ്ലീഷില്‍ ബി. എഡും കഴിഞ്ഞു പഠിപ്പിക്കാനിറങ്ങിയവൾ!
മലയാളം എം.എ ക്ലാസ്സിലെ ഒരു സംഭവം എന്റെ ഓര്‍മയില്‍ തെളിഞ്ഞു . പ്രൊഫ. ഓ .എന്‍.വി കുറുപ്പ് സര്‍ ഞങ്ങളുടെ പരീക്ഷാ പേപ്പര്‍ തന്നു കൊണ്ടിരിക്കുന്നു .ഓരോ പേപ്പറും എടുത്തു വിശകലനം ചെയ്തിട്ടാണ് തരുന്നത്.എന്റെ പേപ്പര്‍ എടുത്തു ഉയര്‍ത്തി പിടിച്ചു സര്‍ ഒരു കമന്റ്‌ പറഞ്ഞു." ഫസ്റ്റ് റാങ്ക് കിട്ടേണ്ട പേപ്പര്‍ ആണിത് . ഇങ്ങനെ എഴുതിയാല്‍ വെറുമൊരു സെക്കന്റ്‌ ക്ലാസ് തന്നു അവരിത് തഴയും. ഈ അക്ഷരം നന്നാക്കണം."
അക്ഷരം നന്നാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു , എനിക്ക് കഴിഞ്ഞില്ല.സാറിന്റെ വാക്ക് സത്യമായി. ഞാന്‍ സെക്കന്റ്‌ ക്ലാസ്സിലാണ് എം.എ പാസ്സായത്‌.
ഇതാ, ഇവിടെ ഈ കുഞ്ഞുങ്ങള്‍ എന്റെ അക്ഷരത്തെ കുറിച്ച് പറയുന്നു.
ഞാന്‍ അവരോടു ഒരു കാര്യം പറഞ്ഞു."മക്കളെ എന്റെ അക്ഷരം വളരെ മോശമാണ് . ഇനി എന്റെ അക്ഷരം നന്നാകില്ല . നിങ്ങളുടേത് നന്നാകും.ഒരു കാര്യം ചെയ്യണം നന്നായി ഉരുട്ടി,സമയമെടുത്ത്‌, ഭംഗിയായി എഴുതണം.അപ്പോള്‍ നിങ്ങളുടെ അക്ഷരം നക്ഷത്രം പോലെ പ്രകാശിക്കും"
അവര്‍ അങ്ങനെ ചെയ്യും,സ്ലെയിററ് എന്റെ അടുക്കല്‍ കൊണ്ട് വരും.ഞാന്‍ ശരിയിടുമ്പോള്‍ അവര്‍ തുള്ളിച്ചാടും. അവരില്‍ രണ്ടു പെണ്‍കുട്ടികള്‍ എന്നെ വിളിച്ചു, അവരുടെ ബെഞ്ചില്‍ എന്നെയുമിരുത്തി , ഇരു വശങ്ങളിലും ഇരുന്നു അക്ഷരമെഴുത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുവാന്‍ തുടങ്ങി ." ടീച്ചറിന്റെ വിരല്‍ തന്നേ,ഞാന്‍ പഠിപ്പിക്കാം നന്നായി ഉരുട്ടി,സമയമെടുത്ത്‌, ഭംഗിയായി എഴുതണം.നക്ഷത്രം പോലെ തിളങ്ങട്ടെ ..ങാ ..അങ്ങനെ..ശരിയായി..ശരിയായി"
ആ ചെറിയ, വലിയ അധ്യാപകര്‍ എന്റെ അക്ഷരം ശരിയാക്കി തന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ഇന്ന് എനിക്കറിയാം എന്റെ മുമ്പിലിരിക്കുന്ന കുഞ്ഞുങ്ങള്‍ എന്നെക്കാള്‍ വലിയവരാണെന്ന്! അത്ഭുതം കൂറുന്ന മിഴികളും വിടരുന്ന ഭാവനയും അവരെ ഏതോ ലോകത്തിലേക്ക്‌ ആനയിക്കുകയാണ്.അവരുടെ കണ്ണുകളിലും ചിരിയിലും പുതിയൊരു ലോകം പിറക്കുന്നത്‌ കണ്ടു യഥാര്‍ത്ഥത്തില്‍ സ്വയം മറന്നത് ഞാനാണ്-ഈ മലയാളം എം.എ ക്കാരി.!

No comments:

Post a Comment